ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

Advertisement

ജമ്മു.ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് നാദാപുരം സ്വദേശി സഫ്‌വാൻ ആണ് മരിച്ചത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 14 പേർക്ക് പരുക്കേറ്റു.

ജമ്മു കാശ്മീരിലെ ബെനിഹാളിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മലയാളികളടങ്ങുന്ന സംഘവുമായി ശ്രീനഗറിൽനിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ എതിർദിശയിൽനിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാദാപുരം ഇയ്യങ്കോട് സ്വദേശി സഫ്‌വാൻ തൽക്ഷണം മരിച്ചു. വോട്ടെടുപ്പിന് തലേദിവസം നാട്ടിൽ വന്ന സഫ്‌വാൻ , വോട്ട് ചെയ്തതിന് ശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പുറപ്പെട്ടത്. സഫ്‌വാൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

വാഹനത്തിൽ ഉണ്ടായിരുന്ന 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. മരിച്ച സഫ്‌വാൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഫ്‌വാൻ ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘം കശ്മീരിലേക്കുള്ള യാത്രതിരിച്ചത്.

Advertisement