ജമ്മു. കശ്മീർ പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ ഏർപ്പെടുത്തി സൈന്യം. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. വാഹനവ്യൂഹത്തിന് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ചാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകിട്ടോടെയാണ് പൂഞ്ചിലെ സുരാൻകോട്ട് സനായ് ഗ്രാമത്തിനരികെ വ്യോമസേനയുടെ വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ മേഖലയാകെ സൈന്യം വളഞ്ഞു. പ്രദേശത്തെ വനമേഖലയിലേക്ക് ഭീകരർ കടന്ന സാഹചര്യത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് സൈനിക നടപടി പുരോഗമിക്കുന്നത്.മേഖലയിൽ വാഹന പരിശോധനയും കർശനമാക്കി. വ്യോമസേനക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരമായി കണ്ടു കൊണ്ടാണ് സേന മറുപടി നൽകാൻ ഒരുങ്ങുന്നത്. ആക്രമണത്തിൽ ഒരു സൈനികനാണ് ജീവൻ നഷ്ടമായത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ ഉദ്ധംപൂരിലെ സൈനിക ആശുപത്രിയിലാണ്. അനന്തനാഗിൽ ഈ മാസം 25ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം മേഖലകൾ സന്ദർശിച്ച സ്ഥിതി വിലയിരുത്തും. നിയന്ത്രണരേഖയോട് ചേർന്ന മേഖലകളിലും സൈനിക വിന്യാസവും നിരീക്ഷണവും ശക്തമാക്കി