ഉത്തരാഖണ്ഡില്‍ കാട്ടുതീയ്ക്ക് കാരണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ബീഹാറി സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ബ്രിജേഷ് കുമാര്‍, സല്‍മാന്‍, ശുഖ്‌ലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ഗൈര്‍സൈന്‍ മേഖലയിലുണ്ടായ കാട്ടുതീയെക്കുറിച്ച് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തീ കത്തുന്ന കാടിന് മുന്നില്‍ നിന്ന് ഇവര്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ‘തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല, ബിഹാറികള്‍ ഒരിക്കലും വെല്ലുവിളിക്കപ്പെടാറില്ല’ എന്നിങ്ങനെയായിരുന്നു കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇവര്‍ പറഞ്ഞത്. കാടുകള്‍ക്ക് തീയിടുകയോ കാടുകള്‍ക്ക് തീപിടിക്കുന്നതിന് കാരണമാവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്ന് പൊതുജനങ്ങള്‍ക്ക് ചമോലി പൊലീസ് സൂപ്രണ്ട് സര്‍വേഷ് പന്‍വാര്‍ പറഞ്ഞു.