ഇന്നലെ കണ്ടത് ഗതാഗതകുരുക്കിന്റെ ഭയാനകമായ വെര്‍ഷന്‍….

Advertisement

ഹൈദരാബാദില്‍ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയില്‍ വാഹന ഗതാഗതം താറുമാറായി. പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സവും നേരിട്ടു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവും ഉണ്ടായി. അപ്രതീക്ഷിതമായി പെയ്ത മഴ കൊടുംചൂടില്‍ ആശ്വാസം നല്‍കിയെങ്കിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു. ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
ഒരു മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയില്‍ ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ നീക്കം ചെയ്തിന് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിഞ്ഞത്. സെന്‍ട്രല്‍ ഹൈദരാബാദ്, സെക്കന്തരാബാദ്, മദാപൂര്‍, ഗച്ചിബൗളി എന്നിവിടങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ലസ്റ്ററുകളിലും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് കണ്ടു.

Advertisement