യാത്രക്കാരെ ത്രിശങ്കുവിലാക്കിയ ആകാശ സമരത്തിന് പരിഹാരം

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യന്‍ വ്യോമഗതാഗതമേഖലയ്ക്ക് മോശം പേരു നല്‍കിയ ആകാശ സമരം തീര്‍ന്നു,കഷ്ടവും നഷ്ടവും യാത്രക്കാര്‍ക്ക്, എയർ ഇന്ത്യ എക്സ്പ്രസിലെ പ്രതിസന്ധിയ്ക്ക് പരിഹാരം. കൂട്ടയവധി എടുത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും. ജീവനക്കാരുടെ പരാതി വിശദമായി കേൾക്കാമെന്നും മാനേജ്മെൻറ് അറിയിച്ചു. ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കും. സെൻട്രൽ ലേബർ കമ്മിഷന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണ.

മൂന്നു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ജീവനക്കാരും മാനേജ്മെൻറ് സമവായത്തിൽ എത്തിയത്. കൂട്ട അവധിയെടുത്ത 30 ജീവനക്കാർക്ക് എതിരെ ഇന്ന് പിരിച്ചുവിടൽ നടപടി കമ്പനി സ്വീകരിച്ചിരുന്നു. ഇത് റദ്ദാക്കിയാൽ മാത്രം സമവാക്യ ചർച്ച എന്ന ജീവനക്കാരുടെ നിലപാട് കമ്പനി അംഗീകരിച്ചു. ജീവനക്കാരുടെ ആശങ്കകൾ നേരത്തെ ലേബർ കമ്മീഷണറും ശരി വെച്ചതാണ്. ഇക്കാര്യത്തിൽ എത്രയും വേഗം പ്രശ്നപരിഹാരം കാണാമെന്നും കമ്പനി ഉറപ്പു നൽകി. പകരം സമരത്തിൽ നിന്ന് ഉടൻ പിന്മാറാൻ ജീവനക്കാരൻ സമ്മതിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കും. നാളെ മുതൽ വിമാന സർവീസുകൾ സാധാരണ നിലയിലാകും എന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ സമരം മൂലം ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 85 സർവീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുമായി സമവായത്തിൽ എത്തിയില്ലെങ്കിൽ സമരം നീണ്ടുപോകും എന്നും കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മാനേജ്മെൻറ് വിലയിരുത്തി. പിന്നാലെയാണ് സെൻട്രൽ ലേബർ കമ്മീഷൻ ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചത്. കേന്ദ്രസർക്കാർ ഇടപെടലും ഇതിൽ നിർണായകമായി. രണ്ടു ദിവസത്തിനിടെ 180 ഓളം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധവും ഉണ്ടായി.