ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണി വിജയിച്ചാല്‍ പത്ത് ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
സൗജന്യ വൈദ്യുതി, ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. മോദി സർക്കാർ ഗ്യാരന്റികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന് പറഞ്ഞിട്ട് നടപ്പാക്കിയില്ല. മോദി വിരമിച്ചാല്‍ ഗ്യാരന്റികള്‍ ആരു നടപ്പാക്കുമെന്നു ചോദിച്ച കെജ്രിവാള്‍, ആരെ വിശ്വസിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നതാണ് പത്ത് ഗ്യാരന്റികളില്‍ ആദ്യത്തേത്. മൂന്നു ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി നമുക്കുണ്ട്. രണ്ട് ലക്ഷം മെഗാവാട്ടാണ് ഉപഭോഗം. ആവശ്യമുള്ളതിലുമേറെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. ഡല്‍ഹിയിലും പഞ്ചാബിലും നമ്മളത് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തു മുഴുവൻ നടപ്പാക്കാൻ കഴിയുന്ന കാര്യമാണത്. പാവങ്ങള്‍ക്ക് 200 യൂണിറ്റു വരെ സൗജന്യ വൈദ്യുതി നല്‍കും. 1.25 ലക്ഷം കോടി രൂപ അതിനു ചെലവു വരും. പക്ഷേ അതു നമുക്ക് സംഘടിപ്പിക്കാനാവും. ഡല്‍ഹി മോഡല്‍ വൈദ്യുതി വിതരണം രാജ്യത്താകെ നടപ്പാക്കാം.
സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുകയെന്നതാണ് രണ്ടാമത്തെ ഗ്യാരന്റി. അഞ്ചു ലക്ഷം കോടിയുടെ പദ്ധതി കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കണം. ഡല്‍ഹിയിലും പഞ്ചാബിലും ഇതു സാധ്യമാണെന്ന് തങ്ങള്‍ തെളിയിച്ചതാണെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സർക്കാർ ആശുപത്രികളുടെ നിലവിലെ സ്ഥിതി ശോചനീയമാണെന്നും ഇതിന്റെ ഉന്നമനത്തിനായി അഞ്ച് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കാനാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കും. എല്ലാ ഗ്രാമത്തിലും മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കും. ജില്ലാ ആശുപത്രികള്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളാക്കും. ഇൻഷുറൻസിന്റെ പേരില്‍ ഇപ്പോള്‍ വലിയ തട്ടിപ്പാണ് നടക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതു നാം കണ്ടും. മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഭൂമിയുടെ മോചനം, അഗ്നിവീർ പദ്ധതി നിർത്തലാക്കുക, കർഷകർക്ക് സ്വാമിനാഥൻ കമ്മിഷന്‍റെ ശുപാർശ പ്രകാരമുള്ള താങ്ങുവില നല്‍കുക, ഡല്‍ഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നിവയുള്‍പ്പെടുന്നതാണ് കെജ്രിവാളിന്റെ പത്ത് ഗ്യാരന്റികള്‍.