മുംബൈ. തെരഞ്ഞെടുപ്പ് റാലിയിൽ വീണ്ടും വിവാദ പരാമർശവുമായി നരേന്ദ്ര മോദി. ബജറ്റിൽ 15 ശതമാനം പണം ന്യൂനപക്ഷങ്ങൾക്കായി നീക്കി വയ്ക്കാനും സംവരണം മുസ്ലീങ്ങൾക്ക് മാത്രം നൽകാനുമാണ് കോൺഗ്രസ് ലക്ഷ്യമെന്ന് മോദി മഹാരാഷ്ട്രയിൽ പറഞ്ഞു. അതേസമയം ദിൻദോരിയിലെ റാലിയിൽ പ്രസംഗിക്കവെ ഉള്ളികർഷകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി
കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്ർറെ തുടർച്ചയാണ് മഹാരാഷ്ട്രയിലെ റാലിയിലും മോദി നടത്തിയത്. മതം നോക്കി ബജറ്റിൽ പണം നീക്കി വയ്ക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എസ്സി, എസ്ടി ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം എടുത്ത് മാറ്റി മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസിന്ർറെ ലക്ഷ്യം
മുംബൈയിലെ റോഡ് ഷോ അടക്കം മഹാരാഷ്ട്രയിലെ ഇന്ന് വിപുലമായ പ്രചാരണമാണ് മോദി നടത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ ദിൻദോരിയിൽ മോദിക്ക് പ്രതിഷേധം നേരിടേണ്ടി വന്നത് ക്ഷീണമായി. ഉള്ളിക്കർഷകരാണ് മോദിയുടെ പ്രസംഗത്തിനിടെ സദസിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്
ഉളളി കയറ്റുമതി വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രസംഗം ഇടയ്ക്ക് തടസപ്പെട്ടതിന്ർറെ ദേഷ്യം മോദിയുടെ മുഖത്ത് വ്യക്തമായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് കൊണ്ട് പോയതോടെ ജയ് ശ്രീറാം മുഴക്കി മോദി പ്രസംഗം തുടരുകയായിരുന്നു