പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് 3 കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം

Advertisement

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ മരിച്ചു. മാല്‍ഡ ജില്ലയിലെ വിവിധ ഇടങ്ങളിലായാണ് മരണങ്ങള്‍ സംഭവിച്ചത്.

മിന്നലില്‍ പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ജില്ലാ ഭരണകൂടത്തിലെ വൃത്തങ്ങള്‍ അറിയിച്ചു.

സഹാപുർ, അദീന, ബാലുപുർ, ഹരിശ്ചന്ദ്രപുർ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്. പോലീസെത്തി മൃതദേഹങ്ങള്‍ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനമായി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാല്‍ഡയിലുണ്ടായ ദുരന്തത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച മമത പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ഭേദമാകാൻ പ്രാർഥിക്കുന്നുവെന്നും എക്സില്‍ കുറിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാൻ ജില്ലാ ഭരണകൂടം പരിശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisement