ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ഡോർ ഗ്ലാസ് അടിച്ചുതകർത്തു , മലയാളി കുടുംബത്തിന് നേരെ ആക്രമണം

Advertisement

ബംഗളൂരു. വാഹനത്തിന് സൈഡ് നൽകാത്തതിന്റെ പേരിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി ജീവനക്കാരനായ അഖിൽ സാബുവിന്റെ കുടുംബത്തിന് നേരെ സർജാപുരയിൽ വെച്ചാണ് ആക്രമണമുണ്ടായത്. അഖിലിന്റെ പരാതിയിൽ ബംഗളൂരു സ്വദേശി ജഗദീഷിനെതിരെ വർത്തൂർ പൊലീസ് കേസെടുത്തു

വെള്ളിയാഴ്ച്ച രാവിലെ അഖിലും കുടുംബവും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി അഖിലും ബൈക്ക് യാത്രികനും തമ്മിൽ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് കാറുമായി മുന്നോട്ടുപോയ അഖിലിനെയും കുടുംബത്തെയും പിന്തുടർന്ന് എത്തിയാണ് യുവാവ് ആക്രമിച്ചത്. അഖിലിനെ മർദിക്കുകയും ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് ഡോർ അടിച്ചുതകർക്കുകയും ചെയ്തു.

ഗ്ലാസ് ചില്ല് ദേഹത്ത് തെറിച്ച് അഖിലിന്റെ ഭാര്യക്കും, മൂന്ന് വയസുള്ള കുട്ടിക്കും പരുക്കേറ്റു. സംഭവത്തിൽ ഉടൻ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യം ഹാജരാക്കിയതിന് ശേഷമാണ് ബംഗളൂരു സ്വദേശി ജഗതീഷിനെതിരെ പൊലീസ് കേസെടുത്തത്. അഖിൽ മർദിച്ചുവെന്ന് ആരോപിച്ച് ജഗതീഷും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്