ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യൂട്യൂബറിന് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്

Advertisement

ചെന്നൈ: ദുബൈയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുകയും ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതിന് യൂട്യൂബറിന് തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ സൈബര്‍ വിഭാഗത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിവാദമായതിനെത്തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തു.
വിഡിയോയുടെ താഴെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ദുബൈയില്‍ പോയി ലിംഗനിര്‍ണയം നടത്താന്‍ പലര്‍ക്കും വീഡിയോ പ്രചോദനമാകുമെന്ന മോശം സന്ദേശമാണ് ഇവര്‍ പങ്കുവെച്ചതാണ് പലരും വിമര്‍ശിച്ചത്. ചെന്നൈയില്‍ നിന്നുള്ള ഇര്‍ഫാന്‍ എന്ന യൂട്യൂബ് വ്ളോഗറാണ് ഇത്തരത്തില്‍ വീഡിയോ പങ്കുവെച്ചത്. ഫുഡ് വ്ളോഗറായ ഇര്‍ഫാന്റെ ചാനലിന് 4.29 മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്. ആശുപത്രിയില്‍ സ്‌കാനിങിലൂടെ ഡോക്ടര്‍ ലിംഗനിര്‍ണയം നടത്തുന്നതുള്‍പ്പെടെ വീഡിയോയില്‍ ഉണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഗര്‍ഭസ്ഥ ശിശുക്കളുടെ സുരക്ഷിത്വത്തിനായും പെണ്‍ഭ്രൂണഹത്യ തടയുന്നതിനും ലിംഗാനുപാതത്തിലെ വ്യത്യാസവും പരിഹരിക്കുന്നതിനായി 1994ലാണ് പ്രീ കണ്‍സെപ്ഷന്‍ ആന്റ് പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്നിക് ആക്ട് നിലവില്‍ വന്നത്.
വര്‍ഷങ്ങളായി, അനധികൃത അള്‍ട്രാസൗണ്ട് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനാല്‍ ലിംഗാനുപാതത്തില്‍ വലിയ പുരോഗതിയുണ്ടായി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2005ല്‍ 1000 ആണ്‍ കുട്ടികള്‍ക്ക് 876 പെണ്‍കുഞ്ഞുങ്ങള്‍ എന്ന നിലയിലുള്ള ലിംഗാനുപാതം 2018നും 2020നും ഇടയില്‍ 907 ആയി ഉയര്‍ന്നു. ഹരിയാന, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട് അതിന്റെ ലിംഗാനുപാതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. 2015-ല്‍ 918 ആയിരുന്നത് 2019-ല്‍ 942 എന്ന നിലയിലേക്കായി ലിംഗാനുപാതം.

Advertisement