പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് കർണാടകയിലെ ദാവണ്‍ഗരെയിൽ വൻ സംഘർഷം

Advertisement

ദാവണ്‍ഗരെ. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് കർണാടകയിലെ ദാവനഗരെയിൽ വൻ സംഘർഷം. ജനക്കൂട്ടം ചന്നഗിരി പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. സ്റ്റേഷൻ വളപ്പിലെ നിരവധി വാഹനങ്ങളും ആക്രമിച്ചു.
സംഭവത്തിൽ ദാവണ്‍ഗരെ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി

ചൂതാട്ട സംഘത്തിൽ ഉൾപ്പെട്ടുവെന്ന് ആരോപിച്ചാണ് 30കാരനായ ആദിലിനെ ചന്നഗിരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാവിന് എന്ത് സംഭവിച്ചുവെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകൾക്കകം ആദിലിന്റെ മരണ വാർത്തയാണ് പുറത്തറിഞ്ഞത്. ആദിലിനെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. വൈകിട്ടോടെ നാട്ടുകാർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്നീട് പ്രതിഷേധം സംഘർഷമായി മാറി. പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം ആക്രമിച്ചു. സ്റ്റേഷൻ വളപ്പിൽ ഉണ്ടായിരുന്ന എട്ട് വാഹനങ്ങൾ അടിച്ചുതകർത്തു. രണ്ട് വാഹനങ്ങൾ അഗ്നിക്കിരയാക്കി

സംഘർഷം വ്യാപിച്ചതോടെ ദാവനഗരെ എസ് പി ഉൾപ്പടെ ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് നാട്ടു കാർക്ക് ഉറപ്പ് നൽകി. ഇതോടെയാണ് സംഘർഷത്തിന് അയവുവന്നത്. കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്നും, യുവാവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നുമാണ് ചന്നഗിരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.

Advertisement