ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ നിന്നും രക്ഷിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി.