കൊല്‍ക്കൊത്ത. റമൽ ചുഴലിക്കാറ്റ് കരത്തൊട്ടതിന് പിന്നാലെ ,ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ.ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിൽ 2 മരണം.പശ്ചിമബംഗാൾ തീരപ്രദേശം റെഡ് അലർട്ട് തുടരുന്നു.കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിച്ചു
മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗത്തിൽ ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർ ദ്വീപിനും മധ്യേയാണ് റമൽ ചുഴലിക്കാറ്റ് കരതൊട്ടത്.പലയിടങ്ങളിലും നാശനഷ്ടം വിതച്ചു.കൊൽക്കത്തയിൽ മതിൽ ഇടിഞ്ഞു വീണും , നോർത്ത് 24 പർഗാനസിൽ മരം വീണുമാണ് സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്തത്.
കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.അപകടസാധ്യത മേഖലകളിൽ നിന്ന് 10 ലക്ഷം പേരെ ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടാകില്ലായെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.ഗവർണർ സി വി ആനന്ദ ബോസ് ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു.ചുഴലിക്കാറ്റ് ദുർബലമായെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.താൽക്കാലികമായി നിർത്തിവച്ച കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനവും, ട്രെയിൻ ഗതാഗതവും പുനരാരംഭിച്ചു.കനത്ത മഴയുടെ മുന്നറിയിപ്പ് നൽകിയ അസമ്മിൽ ഏഴും ത്രിപുരയിൽ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.