ധ്യാനം പിആർ വർക്കെന്ന് ഡിഎംകെ,സംപ്രേക്ഷണം പാടില്ലെന്ന് സിപിഐഎം,ഗോബാക്ക് മോദി കാംപയിൻ സജീവം

Advertisement

ചെന്നൈ. പ്രധാനമന്ത്രിയുടെ കന്യാകുമാരി ധ്യാനത്തിനെതിരെ തമിഴ് നാട്ടിൽ വ്യാപക പ്രതിഷേധം. കറുപ്പ് കൊടികൾ വീശിയും വസ്ത്രങ്ങളണിഞ്ഞുമാണ് വിവിധ സംഘടനകളുടെ പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. ധ്യാനം പിആർ വർക്കാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ധ്യാനം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.


ഒഡീഷയിൽ പ്രധാനമന്ത്രി നടത്തിയ തമിഴ് വിരുദ്ധ പരമാർശവും മഹാത്മാഗാന്ധിയ്ക്കെതിരെ നടത്തിയ പ്രസ്താവനയുമാണ് തമിഴ് നാട്ടിൽ പ്രധാനമായും പ്രതിഷേധത്തിന് കാരണം. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ദിണ്ടിഗൽ,തിരുനെൽവേലി,സേലം,ചെന്നൈ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പ്രവർത്തകർ കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞും കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഗോബാക്ക് മോദി കാംപയിനും ട്രന്റിങിലാണ്.


മോദിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പ്രധാനമന്ത്രിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും ഡിഎംകെ നേതാവ് ആർ എസ് ഇളങ്കോവൻ പറഞ്ഞു. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സാഹചര്യത്തിൽ മോദിയുടെ ധ്യാനം പ്രക്ഷേപണം ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ചെന്നൈയിൽ ഡിഎംകെ ഓഫിസിന് മുമ്പിൽ പ്രധാമന്ത്രിയ്ക്കെതിരെ വ്യാപക പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.