കന്യാകുമാരി. വിവേകാനന്ദപ്പാറയിൽ 45 മണിക്കൂറായി അനുഷ്ഠിച്ചുവന്ന ധ്യാനം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ആകർഷിച്ച ധ്യാനം തിരഞ്ഞെടുപ്പിലും നേട്ടമാകുമെന്നാണ് ബിജെപി പ്രതീക്ഷ . തമിഴ് സാഹിത്യത്തിലെ ഇതിഹാസം തിരുവള്ളൂവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി തമിഴകം വിട്ടത്.
മുരളീ മനോഹർ ജോഷി നയിച്ച ഏക്തായാത്രയുടെ ഭാഗമായി 1991 ൽ വിവേകാനന്ദ പാറയിൽ എത്തിയ നരേന്ദ്രമോദി മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം, മൂന്നുദിവസം ധ്യാനമിരുന്നു മടങ്ങുമ്പോൾ ഉന്നമിടുന്ന രാഷ്ട്രീയം അന്നത്തെക്കാളും വലുത്. വിവേകാനന്ദ പാറയിൽ നിന്ന് സൂര്യോദയം കണ്ടും ജപമാലയുമായി വലയംവച്ചും ഓംകാരം മുഴക്കിയും ധ്യാനത്തിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ പുറത്തുവിട്ടത്. കന്യാകുമാരി ദേവിയെ വണങ്ങി, തൂവെള്ള വസ്ത്രം ധരിച്ച് വ്യാഴാഴ്ച ധ്യാനം ഇരിക്കാൻ പോയ പ്രധാനമന്ത്രിയെ പിന്നീട് കണ്ടതെല്ലാം കാവി വസ്ത്രത്തിൽ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളെയും പരാതികളെയും ഗൗനിച്ചില്ല. മടങ്ങുന്നതിന് തൊട്ടുമുൻപ് തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നിലും പ്രധാനമന്ത്രിയുടെ ആദരം.
സുരക്ഷാസേനകളുടെ അകമ്പടിയോടെ വിവേകാനന്ദപ്പാറയിൽ നിന്ന് ബോട്ട് മാർഗ്ഗം കരയിൽ എത്തിയ പ്രധാനമന്ത്രി, കന്യാകുമാരിയിലെ ഹെലിപ്പാഡിൽ നിന്ന് പറന്നുയർന്നത് രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെ 3.55 ന്
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം, 10 മിനിറ്റ് കൊണ്ട് തന്നെ ഡൽഹിയിലേക്ക് പ്രത്യേക വിമാനത്തിൽ മടങ്ങി.