സൽമാൻ ഖാനെ വധിക്കാനായി ലോറൻസ് ബിഷ്ണോയ് ഗ്യാങ് നടത്തിയ ഗൂഢാലോചന പുറത്ത്

Advertisement

മുംബൈ.നടൻ സൽമാൻ ഖാനെ വധിക്കാനായി ലോറൻസ് ബിഷ്ണോയ് ഗ്യാങ് നടത്തിയ ഗൂഢാലോചന പുറത്ത്. പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വെടിവച്ച് കൊലപ്പെടുത്താനുള്ള പദ്ധതിയാണ് മഹാരാഷ്ട്രാ പൊലീസ് പൊളിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേർ പിടിയിലായി.

വിഷു പുലർച്ചെ ബാന്ദ്രയിലെ സൽമാന്ർറെ വസതിയിലേക്ക് നടന്ന വെടിവയ്പ് പേടിപ്പിക്കാൻ മാത്രമായിരുന്നെങ്കിൽ അതിലും വലിയ ആക്രമണമാണ് അണിയറയിൽ ഒരുങ്ങിയത്. സൽമാൻ ഫാംഹൌസ് സ്ഥിതി ചെയ്യുന്ന റായ്ഗഡിലേക്ക് എത്തും വഴി ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി എഴുപതോളം പേർ പങ്കെടുത്ത ഗൂഢാലോചന നടന്നു. പല ദിവസങ്ങളിൽ സൽമാന്ർറെ വസതിയിലും ഫാം ഹൌസ് പരിസരത്തും സംഘം നിരീക്ഷണം നടത്തി. പ്രായപൂർത്തിയാകാത്തവരെ വച്ച് സൽമാന്ർറെ കാർ വളഞ്ഞ് വെടിവയ്ക്കാനായിരുന്നു പദ്ധതി. ഇതിനായി എകെ 47 അടക്കം ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്നും ഓർഡർ ചെയ്തെന്നുമാണ് പൊലീസ് കണ്ടെത്തൽ. കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു ലക്ഷ്യം. ഇതിനായി ബോട്ടും മറ്റും തയ്യാറാക്കി വച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാരായ ധനഞ്ജയ് താപ്സിംഗ്, ഗൌരവ് ഭാട്ടിയ, വസ്പി ഖാൻ, റിസ്വാൻ ഖാൻ എന്നിവരാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയിയുടെ കാനഡയിലുള്ള സഹോദരൻ അൻമോൽ അടക്കം 17 പേർക്കെതിരെ പൊലീസ് കേസെടുത്തു

Advertisement