എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലം

Advertisement

എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.
ഇന്ത്യാ ടുഡേ ആകിസിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുള്ളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 23-25 വരെ സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കാം. ജെഡിഎസിന് രണ്ട് സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് മൂന്ന് മുതല്‍ അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 29-33 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് ഏഴ് മുതല്‍ പത്ത് സീറ്റുകള്‍ നേടാനാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഝാര്‍ഖണ്ഡില്‍ മത്സരം കടുക്കുമെന്നും എന്‍ഡിഎ 8-10 സീറ്റുകള്‍ വരെ നേടിയേക്കും പ്രവചനം. ഇന്ത്യാ സഖ്യത്തിന് നാല് മുതല്‍ ആറ് സീറ്റുകളെന്നാണ് സര്‍വ്വേ. ഛത്തീസ്ഗഢില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലും ബിജെപി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 28-29 വരെ സീറ്റുകള്‍ വരെ ബിജെപി നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം. രാജസ്ഥാനില്‍ ഇന്ത്യ സഖ്യം സ്ഥിതി മെച്ചപ്പെടുത്തുമെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരിക്കും.

Advertisement