പ്രജ്വല്‍ രേവണ്ണ എന്‍ഡിഎ പ്രതീക്ഷ തകിടം മറിക്കുമോ

Advertisement

ബംഗളുരു. ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാന ലാപ്പ് വരെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംവരണ വിവാദം മുതൽ പ്രജ്വൽ രേവണ്ണ കേസ് വരെ വിധിയെഴുത്തിനെ സ്വാധീനിച്ച വിഷയങ്ങൾ ഏറെ. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും ഇരുപതിലധികം സീറ്റ് ലഭിക്കുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ. ഈ തവണ നിശ്ചയമായും രണ്ടക്കം കടക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം


ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് നിശ്ചയമായും കന്നഡ മണ്ണിലാണ്. 2019ൽ 28ൽ 25 സീറ്റിലും താമര വിരിഞ്ഞ കർണാടക. ദേശീയ തലത്തിൽ ഉൾപ്പടെ ചർച്ചയായ പ്രചാരണ വിഷയങ്ങളായിരുന്നു കർണായകയിലെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഗ്യാരന്റിയിൽ തുടങ്ങി സംവരണ വിവാദവും കടന്ന് കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് വരെ.

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തേക്കാൾ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത് സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ രൂപപ്പെട്ട അനുകൂല സാഹചര്യമാണ്. ബിജെപി ശക്തികേന്ദ്രമായ വടക്കൻ കർണാടകയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ്‌ കണക്കുകൂട്ടുന്നു. 10 സീറ്റുകൾ ഉറപ്പാണെന്നും 14 സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം. ജെഡിഎസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 20ലധികം സീറ്റല്ലാതെ മറ്റ് ചിന്തകളുണ്ടായിരുന്നില്ല.


രണ്ടാം ഘട്ടത്തിൽ ഇടിത്തീയായി വീണ പ്രജ്വൽ വിവാദം തെല്ലൊന്നുമല്ല ബിജെപിയെ ആശങ്കയിലാക്കിയത്. എന്നാൽ വോട്ട് അൽപ്പം കുറഞ്ഞാലും വിവാദം തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാൻ പാകത്തിൽ പ്രതിഫലിച്ചില്ലെന്നാണ് കണക്കുകൂട്ടൽ. ബിജെപി പ്രതീക്ഷകൾക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും. കർണാടകയിൽ ബിജെപി ആധിപത്യം തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നു. ജെഡിഎസ് മത്സരിച്ച സീറ്റുകളിൽ ജയിക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കോൺഗ്രസ് രണ്ടക്ക സീറ്റുകളിൽ എത്തില്ലെന്നാണ് പ്രവചനം