ന്യൂഡെല്‍ഹി.പതിനെട്ടാം ലോക്സഭ രൂപീകരണത്തിനായി നടന്ന വോട്ടെടുപ്പ് അവസാനിച്ചതോടെ അധികാരത്തിൽ എത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് ഭരണ പ്രതിപക്ഷ പാർട്ടികൾ. എക്സിറ്റ്പോൾ ഫലങ്ങൾ തുടർഭരണം പ്രവചിക്കുന്നു എങ്കിലും അതിനെ അവസാന സൂചനയായി പരിഗണിക്കാതെ മുന്നോട്ടുപോകാനാണ് ബിജെപി തീരുമാനം. ഘടകകക്ഷികളിൽ ഭിന്നത ഉണ്ടാകാതെ നിലകൊള്ളാനും തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും വിധത്തിൽ അനുകൂലമല്ലാതായാൽ സാധ്യതകൾ ഉപയോഗിക്കാനും ആണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
മൂന്നാം വട്ടവും മോദി, എക്സിറ്റ് പോൾ പ്രവചനം ഇങ്ങനെയാണെങ്കിലും അതിനെ അന്തിമഫലമായി വിലയിരുത്തേണ്ടതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിനുശേഷം പാർട്ടി നേതൃത്വം സംബന്ധിച്ച സ്ഥിതി വിവര കണക്കുകളിൽ രാജസ്ഥാൻ മഹാരാഷ്ട്ര കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടിക്ക് സാധ്യത എന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ധ, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരും ആയി സാഹചര്യം വിലയിരുത്തി. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ഫലം വന്ന ഉടൻതന്നെ അവകാശവാദം ഉന്നയിക്കാനും കൂടുതൽ പ്രാദേശിക കക്ഷികളെ ഒപ്പം ചേർക്കാനും ആണ് ബിജെപി തീരുമാനം. ബിജെപിയുടെ ഫ്ലോർ മാനേജർമാർക്ക് ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്താനുള്ള നിർദ്ദേശം ബീ ജെ പി നേതൃത്വം നൽകി കഴിഞ്ഞു.
മറുവശത്ത് എക്സിറ്റ്പോൾ ഫലങ്ങളിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുമ്പോഴും എല്ലാ സാഹചര്യങ്ങളിലും പൊരുത്തപ്പെടണം എന്ന ധാരണയിലാണ് ഇന്ത്യ മുന്നണി ഘടകകക്ഷികൾ. വെല്ലുവിളികൾ ഉണ്ടായിട്ടും ശക്തമായ പ്രചരണം നടത്താൻ തങ്ങൾക്ക് സാധിച്ചു എന്നാണ് ഇന്ത്യ മുന്നണി ഘടകകക്ഷികൾ വിലയിരുത്തുന്നത്. പ്രാദേശികമായി വിവിധ പാർട്ടികൾ സമാഹരിച്ച് കണക്കുകൾ അധികാരത്തിലെത്താൻ സാധിക്കുന്ന വിധത്തിൽ സീറ്റ് ലഭിക്കും എന്നാണ് ഇന്ത്യ മുന്നണിയുടെ ഇപ്പോഴത്തെയും പ്രതീക്ഷ. അനുകൂലഫലമാണ് ഉണ്ടാകുന്നതെങ്കിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ ഒട്ടും താമസിയാതെ പൂർത്തിയാക്കാനാണ് ഘടകകക്ഷികൾക്കിടയിൽ തീരുമാനം. എല്ലാ പാർട്ടികൾക്കും പങ്കാളിത്തമുള്ള ഒരു സർക്കാർ എന്ന നിർദ്ദേശമാണ് ഡിഎംകെ ഇന്ത്യ മുന്നണിക്കായി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ മമത പുലർത്തുന്ന മൗനവും അരവിന്ദ് കെജ്രിവാൾ കാട്ടുന്ന താല്പര്യക്കുറവും ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയാണ്. ഏതായാലും ഫലം അനുകൂലമാണെങ്കിൽ ജൂൺ നാലിന് വൈകിട്ട് തന്നെ ഇന്ത്യയുടെ യോഗം വീണ്ടും ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.