ഉത്തര്‍പ്രദേശില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് മരിച്ചതായി റിപ്പോർട്ട്‌

Advertisement

ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) നവ്ദീപ് റിന്‍വ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്.
ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. റാം ബദാന്‍ ചൗഹാനാണ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. അതേസമയംതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂളറുകളും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.