അരുണാചല്‍ പ്രദേശില്‍ ആധികാരിക ജയത്തോടെ ബിജെപി

Advertisement

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആധികാരിക ജയത്തോടെ ബിജെപി തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരം നേടി. 60 അംഗ നിയമസഭയില്‍ 46 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനു മുന്‍പേ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ പത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഉപമുഖ്യമന്ത്രി ചൊവ മേയിനും എതിരില്ലാതെ വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങി. ബാമെങ് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റിലും എന്‍സിപി മൂന്നു സീറ്റിലും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ട് സീറ്റിലും വിജയിച്ചു. മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു.
ദേശീയതലത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എന്‍പിപി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. കഴിഞ്ഞ തവണ 41 സീറ്റില്‍ വിജയിച്ചപ്പോള്‍, ഇത്തവണ അഞ്ചു സീറ്റുകള്‍ കൂടി ബിജെപി നേടി. വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെയും സംസ്ഥാനത്തെ ജനങ്ങളെയും അഭിനന്ദിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടേയും, കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയുടേയും ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് പേമ ഖണ്ഡു അഭിപ്രായപ്പെട്ടു. പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കും. അങ്ങനെയെങ്കില്‍ ഇത് മൂന്നാംവട്ടമാണ് പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് പേമ. ഡോര്‍ജിയുടെ മരണത്തിന് ശേഷമാണ് പേമ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മുന്‍പ് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും തവാങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേരുകയും അവിടെ നിന്നും ബിജെപിയിലെത്തുകയുമായിരുന്നു.

Advertisement