സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് ഓഹരി വിപണികൾ

Advertisement

എക്സിറ്റ് പോൾ ഫലത്തിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് ഓഹരി വിപണികൾ. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് ഇന്നുണ്ടായത്. വിപണിയിലെ ആകെ മൂല്യത്തിൽ ഒറ്റ ദിനമുണ്ടായത് 14 ലക്ഷം കോടിയാണ്. അദാനി ഓഹരികളും കുതിപ്പ് നടത്തി.

മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനങ്ങൾ ഓഹരി വിപണിയിലുണ്ടാക്കിയത് വൻ കുതിപ്പ്. ഓഹരി സൂചികകൾ ഒരാഴ്ചമുൻപ് കുറിച്ച സർവകാല റെക്കോർഡ് ഭേദിക്കാനെടുത്തത് വെറും മിനിറ്റുകൾ. ബിഎസ്ഇ ഓഹരി സൂചികയായ സെൻസെക്സ് 2507 പോയന്ർറ് ഉയർന്ന് 76,468ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 32263 എന്ന പുതിയ ഉയരം കുറിച്ചു. അദാനി ഗ്രൂപ്പ് ഓഹരികളും വൻ കുതിപ്പ് നടത്തി. അദാനി പവറാണ് കൂട്ടത്തിൽ കൂടുതൽ മുന്നേറിയത്. എക്സിറ്റ്പോളിനൊപ്പം മറ്റ് ചില ഘടകങ്ങൾ കൂടി വിപണിയുടെ കുതിപ്പിന് പിന്നിലുണ്ട്. വെള്ളിയാഴ്ച വ്യാപാരം കഴിഞ്ഞതിന് ശേഷം വന്ന ജിഡിപി വളർച്ചാ കണക്ക് അതിലൊന്ന്. 8.2 ശതമാനം വളർച്ചയെന്ന കണക്ക് പ്രതീക്ഷയേറ്റി. ഒപ്പം കഴിഞ്ഞ ആഴ്ച ആർബിഐ കേന്ദ്രസർക്കാരിന് നൽകാൻ തീരുമാനിച്ച ലാഭ വിഹിതവും വിപണിയിൽ പോസിറ്റീവ് ചലനമുണ്ടാക്കുന്നു. ആർബിഐയിൽ നിന്ന് ലഭിക്കുന്ന 2.11 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് സംഖ്യ പുതിയ സർക്കാരിന് ധനക്കമ്മി പിടിച്ച് നിർത്താനും അടിസ്ഥാന വികസന രംഗത്തും തുണയ്ക്കും. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വിപണിയിൽ ഇന്ന് പ്രതിഫലിച്ചു.