ഇന്‍ഡോറില്‍ നോട്ടക്ക് ലഭിച്ചത് 1,81,000 വോട്ട്

Advertisement

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മത്സരിക്കാന്‍ ആളില്ലാതായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താരമായി ‘നോട്ട’. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 10.10 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാര്‍ഥികളല്ല, നോട്ടയാണ്. 1.81 ലക്ഷമാണ് നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍. 8.29 ലക്ഷത്തിന്റെ ലീഡ് ഈ മണ്ഡലത്തില്‍ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്‍ഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അക്ഷയ് കാന്തി ബാം പാര്‍ട്ടി വിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നോട്ടക്ക് വോട്ട് ചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നോട്ട കുതിച്ചുയര്‍ന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ഇതാദ്യമായി സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താനാവാത്ത സ്ഥിതി വന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞതോടെ നോട്ടയെ ആശ്രയിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുര്‍ബലരാണെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് നോട്ടക്ക് വോട്ട് നല്‍കാനുള്ള ആഹ്വാനം ചെയ്യാന്‍ കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്.