പ്രതീക്ഷിച്ചതില്‍ പാതിപോലുമില്ലാതെ ബിജെപിക്ക് തിരിച്ചടി നല്‍കി മഹാരാഷ്ട്ര

Advertisement

മുംബൈ. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയിലുണ്ടായത്. ശിവസേനയെയും എൻസിപിയെയും പിളർത്തി നടത്തിയ പരീക്ഷണങ്ങൾ ഗുണത്തെക്കാളേറെ ദോഷം ചെയ്തെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർധിത ആത്മവിശ്വാസമാണ് പ്രതിപക്ഷ സഖ്യത്തിന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

എൻഡിഎ സഖ്യം 45 സീറ്റെങ്കിലും മഹാരാഷ്ട്രയിൽ വിജയിക്കുമെന്നായിരുന്നു ബിജെപി നേതാക്കളുടെ ആത്മവിശ്വാസം. എന്നാൽ അതിന്ർറെ പാതി സീറ്റുപോലും നേടാനാകാത്ത സ്ഥിതിയിലേക്ക് എൻഡിഎ വീണു. 2019ൽ 23 സീറ്റ് നേടിയ ബിജെപി ഇത്തവണം പാതി സീറ്റിലേക്ക് ചുരുങ്ങുകയാണ്. യഥാർഥ എൻസിപി ഏത് ശിവസേന ഏതെന്ന ചോദ്യം ജനങ്ങളോട് ചോദിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ അവസാന ചിരി ഉദ്ദവ് താക്കറെയ്ക്കും ശരദ് പവാറിനും. ബിജെപിക്കൊപ്പം പോയ ശിൻഡെയുടേയും അജിത് പവാറിന്ർറെയും നില പരുങ്ങലിലാക്കുന്നതാണ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇനി വിലപേശൽ കാര്യമായി വിലപ്പോവില്ലെന്ന ബോധ്യം ഫലം അവർക്ക് നൽകുന്നുണ്ട്.പാർട്ടികൾ പിളർത്തി നേതാക്കളെ ഒപ്പമെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞെങ്കിലം സഹതാപ തരംഗം ഉദ്ദവിനും പവാറിനും ഒപ്പം ആഞ്ഞ് വീശിയെന്ന് വ്യക്തം.

സീറ്റ് വിഭജനത്തിലടക്കം വിജയ സാധ്യത മാത്രം പരിഗണിച്ച് വിട്ട് വീഴ്ച ചെയ്ത കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്ർറെ തന്ത്രങ്ങളാണ് ഫലം കണ്ടത്. ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റിൽ മത്സരിച്ചിട്ടും സമീപകാലത്തെ വലിയ വിജയം നേടാൻ പാർട്ടിയെ സഹായിച്ചതും ഇതാണ്. കടുത്ത ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന നിരീക്ഷണങ്ങളും ഫലം ശരിവയ്ക്കുന്നു. സംവരണ സമരത്തിലുള്ള മറാത്താ വിഭാഗം എതിരായതും എൻഡിഎയ്ക്ക് തിരിച്ചടിയായി. ഉള്ളിക്കർഷകരുടെ പ്രതിഷേധത്തിന്ർറെ ചൂട് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിക്കിടെ നേരിട്ട് അനുഭവിച്ചതാണ്. കർഷക രോഷവും ബിജെപിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി.