കര്‍ണാടകയില്‍ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിട്ട മന്ത്രി രാജിവെച്ചു

Advertisement

ബംഗളുരു.കര്‍ണാടകയില്‍ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിട്ട മന്ത്രി രാജിവെച്ചു. പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ബി.നാഗേന്ദ്രയാണ് രാജിവെച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജിക്കത്ത് സമർപ്പിച്ചത്


പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലെ വാത്മീകി വികസന കോർപ്പറേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബി.നാഗേന്ദ്രയുടെ രാജി. കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 88.62 കോടി രൂപ സ്വകാര്യ അക്കൗണ്ടുകളിലേക്കു വകമാറ്റിയെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ വകുപ്പ് തല നടപടി നേരിട്ട
അക്കൗണ്ട് സുപ്രണ്ട് ആത്മഹത്യ ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും മന്ത്രിയുടെ വാക്കാല്‍ നിര്‍ദേശത്തിലുമാണ് പണം വകമാറ്റിയതെന്ന് ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. പിന്നാലെ വിഷയം വിവാദമായി. പൊലീസ് അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ്
മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. അതേസമയം ക്രമക്കേടിൽ പങ്കില്ലെന്നും പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കാനായി സ്ഥാനം ഒഴിയുന്നുവെന്നുമാണ് നാഗേന്ദ്രയുടെ വിശദീകരണം. സിദ്ധരാമയ്യ സർക്കാരിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്കിപ്പുറമാണ് മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് നഷ്ടമായത്