ന്യൂഡെല്‍ഹി. മൂന്നാം മോദി സർക്കാർ മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ സസ്പെൻസ് തുടരുന്നു. ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് രാജനാഥ് സിംഗിന്റെ പേര് പരിഗണയില്ലെന്ന് വിവരം. നിർമ്മല സിതാരാമനും സുപ്രധാന വകുപ്പ് നൽകാൻ നീക്കം. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ലഭിചേക്കും. മൂന്നാം നരേന്ദ്രമോദി സർക്കാരിൽ അമിത് ഷാ മന്ത്രിയായി തുടരും.ആഭ്യന്തരവകുപ്പ് തന്നെയാകും അമിത് ഷാ കൈകാര്യം ചെയ്യുക എന്ന് വിവരം. നരേന്ദ്രമോദി മന്ത്രിസഭയുടെ ഘടനയിൽ ഏകദേശ ധാരണയായി. ഞായറാഴ്ച മോദിക്കൊപ്പം ചുമതല ഏൽക്കുക 57 ഓളം മന്ത്രിമാർ. മന്ത്രിസഭയിൽ 24 അംഗങ്ങൾക്ക് ക്യാബിനറ്റ് പദവിുണ്ടാകും. 9 സ്വതന്ത്ര ചുമതലയുള്ള അംഗങ്ങൾ. 24 പേർ സഹ മന്ത്രിമാർ എന്നിങ്ങനെയാവും ഘടന.
ഇന്നു ചേരുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗവും അതിനുശേഷം ഉള്ള അന്തിമഘട്ട ചർച്ചകളും പൂർത്തിയാകുന്നതോടെ മൂന്നാം മോദി സർക്കാരിന്റെ ചിത്രം വ്യക്തമാകും. എൻഡിഎ ഘടകകക്ഷികളുടെ സമ്മർദ്ദം നിലനിൽക്കുന്നതിനാൽ സസൂക്ഷ്മം പരിശോധിച്ചാണ് സർക്കാർ രൂപീകരണത്തിലേക്ക് പാർട്ടി കടക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് ഇത്തവണ ഇടം ലഭിച്ചേക്കില്ലെന്നാണ് വിവരം. എന്നാൽ പീയൂഷ് ഗോയലിനും നിതിൻ ഗഡ്ഗരിക്കും ഇത്തവണയും മന്ത്രി പദം ലഭിക്കാനാണ് സാധ്യത. രാജനാഥ് സിംഗ് സുപ്രധാന വകുപ്പ് ഏറ്റെടുക്കും എന്നാണ് വിവരം. നിലവിലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കുറി മന്ത്രിസ്ഥാനം വഹിക്കാനും സാധ്യതയുണ്ട്.
സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങൾ തോറ്റതോടെ നിർമ്മല സീതാരാമൻ മന്ത്രിസഭയിൽ ഇടം പിടിക്കും എന്നത് ഏതാണ്ട് ഉറപ്പായി.ആർഎസ്എസ് അനുനയത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ , മനോഹർലാൽ ഖട്ടർ എന്നിവർ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും. കേരളത്തിൽ ഏക സീറ്റിൽ വിജയിച്ച സുരേഷ് ഗോപിക്കും അർഹിക്കുന്ന പ്രാധാന്യം മന്ത്രിസഭയിൽ നൽകിയേക്കും. എൻഡിഎ ഘടകകക്ഷി നേതാവായ ചിറാഗ് പസ്വാനും ക്യാബിനറ്റ് പദവി ലഭിച്ചേക്കും.സഹമന്ത്രി സ്ഥാനം നൽകി ഘടകകക്ഷി നേതാക്കളെ അനുനിയിപ്പിക്കാനാണ് ബിജെപി നീക്കം.ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർക്ക് മന്ത്രിസഭയിൽ കൂടുതൽ പരിഗണന ലഭിക്കാനാണ് സാധ്യത