രേണുക സ്വാമി വധം: ബോധം കെടുന്നതുവരെ ദർശൻ ബെൽറ്റ് കൊണ്ട് അടിച്ചു; കൊലയ്ക്ക് നിർബന്ധിച്ചത് പവിത്ര,കൂടുതൽ വിവരങ്ങൾ

Advertisement

ബെംഗ്ലൂരൂ: രേണുക സ്വാമി വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രേണുകസ്വാമിയെ കൊലപ്പെടുത്താൻ നടൻ ദർശനെ നിർബന്ധിച്ചത് നടിയും കാമുകിയുമായ പവിത്ര ഗൗഡയെന്ന് പോലീസ് പറയുന്നു. രേണുക സ്വാമി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അയച്ച അശ്ലീല സന്ദേശങ്ങളിൽ നടി അസ്വസ്ഥയായിരുന്നുവെന്നും ഇതിന് പിന്നിലെ ആളെ കണ്ടുപിടിച്ച് കൊല്ലണമെന്ന് ദർശനോട് ആവശ്യപ്പെട്ടെന്നും പോലീസ് അറിയിച്ചു.

കേസിൽ പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. ദർശൻ രണ്ടാം പ്രതിയാണ്. രേണുക സ്വാമിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചതിന് പിന്നാലെ ദർശൻ തന്റെ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ പ്രസിഡന്റ് രാഘവേന്ദ്രയുമായി ബന്ധപ്പെടുകയായിരുന്നു. രാഘവേന്ദ്രയാണ് രേണുക സ്വാമിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയത്.

ബംഗളൂരുവിലെ കാമാക്ഷിപാളയത്തുള്ള ഷെഡിലേക്കാണ് രേണുക സ്വാമിയെ എത്തിച്ചത്. ഇവിടെ വെച്ച് ക്രൂരമായ പീഡനത്തിനാണ് രേണുക സ്വാമി വിധേയനായത്. ബോധം പോകുന്നതുവരെ ദർശൻ ഇയാളെ ബെൽറ്റ് കൊണ്ട് അടിച്ചു. ബോധരഹിതനായി നിലത്ത് വീണപ്പോൾ കൂട്ടാളികൾ വടികൾ ഉപയോഗിച്ച് മർദിച്ചു. തുടർന്ന് മതിലിലേക്ക് വലിച്ചെറിഞ്ഞു

ക്രൂരമായ മർദനത്തിൽ രേണുകസ്വാമിയുടെ ശരീരത്തിലെ നിരവധി എല്ലുകൾ ഒടിയുകയും ചെയ്തു. മരണമുറപ്പാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു. 30 ലക്ഷം രൂപയാണ് കൂട്ടുപ്രതികൾക്ക് ദർശൻ പ്രതിഫലമായി നൽകിയത്. അതേസമയം ദർശനും പവിത്ര ഗൗഡയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു.

Advertisement