സിക്കിം : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. 2000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. സിക്കിമിനോട് ചേർന്നുള്ള നേപ്പാളിലെ തപ്ലെജങ് ജില്ലയിൽ മണ്ണിടിച്ചിലിൽ ഒരു വീട് തന്നെ ഒലിച്ചുപോയി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേർ മരിച്ചു
ഗ്യാങ്‌ടോക്കിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കായി സ്ഥിതി ചെയ്യുന്ന മംഗാൻ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതായി സർക്കാർ അറിയിച്ചു. 36 മണിക്കൂറായി നിർത്താതെ തുടരുന്ന മഴയിൽ വടക്കൻ സിക്കിമിലേക്കുള്ള റോഡുകൾ തകർന്നു. ജില്ലയുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു
കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്ന് മംഗാൻ ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചേത്രി അറിയിച്ചു. ഇവരിൽ 11 പേർ വിദേശ പൗരൻമാരാണ്. നാശനഷ്ടങ്ങൾ കാരണം ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഎം അറിയിച്ചു