ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകളിൽ നമസ്‌കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും നിരോധനമുണ്ട്. വിലക്കപ്പെട്ട മൃഗങ്ങളെ ആരെങ്കിലും കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശദീകരണം. പ്രശ്‌ന ബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം കർശനമായി നടപ്പാക്കണമെന്നും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് സർക്കാർ നിർദേശം നൽകി.
ബക്രീദ് ദിനത്തിൽ ബലിതർപ്പണത്തിനുള്ള സ്ഥലം മുൻകൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളിൽ ബലിതർപ്പണം പാടില്ല. പ്രശ്നബാധിത മേഖലകളിലും നിരോധനം ഉദ്യോഗസ്ഥർ ഉറപ്പാക്കണം. കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിർമാർജനം കൃത്യമായിനടത്തണം. റോഡുകൾ തടഞ്ഞ് നമസ്‌കാരം പാടില്ലെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു.