നടന്‍ ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍; ശ്രീധറിന്റെ മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

Advertisement

ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു.

മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ദര്‍ശന്‍ അറസ്റ്റിലായ രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസില്‍ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള ദര്‍ശന്‍ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ദര്‍ശന്റെ പെണ്‍സുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമര്‍ശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു സംഘമാളുകളെ ഉപയോഗിച്ച് ദര്‍ശന്‍ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കാണാതായി ദിവസങ്ങള്‍ക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിലെ അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.