എന്‍ടിഎ ഡയറക്ടറെ മാറ്റി പുതിയ ഡയറക്ടർ ജനറൽ ഇന്ന് ചുമതലയേൽക്കും,നീറ്റ് – പിജി പ്രവേശന പരീക്ഷ മാറ്റി

Advertisement

ന്യൂഡെല്‍ഹി. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള NTAയുടെ പുതിയ ഡയറക്ടർ ജനറൽ ഇന്ന് ചുമതലയേൽക്കും. പ്രദീപ് സിം​ഗ് ഖരോലയെ ഡയറക്ടർ ജനറലായി നിയമിച്ച് കേന്ദ്രസർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് സുമോദ് കുമാർ സിങ്ങിനെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമാണ് നിലവിൽ ഖരോല. 1985 ബാച്ച് കർണാടക കേഡറിലെ ഐഎഎസ് ഓഫീസറും മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയുമാണ്.

അതിനിടെ നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടക്കാനിരിക്കെ പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഐക്ക് നിർദ്ദേശം നൽകി. സമയക്കുറവ് മൂലം ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർത്ഥികൾക്കാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പുനപരീക്ഷ നടക്കുക.ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, ചണ്ഡിഗഡ്, മേഘാലയ എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതുക.കേന്ദ്രങ്ങളിൽ എന്‍ടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരിക്കും പരീക്ഷ.നീറ്റ് പരീക്ഷ ക്രമക്കേടെ സിബിഐക്ക് വിട്ട സാഹചര്യത്തിൽ ആശങ്കയിലാണ് ആണ് പുനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും.കേസ് സിബിഐ ഉടൻ ഏറ്റെടുക്കും. ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നൽകിയ റിപ്പോർട്ടിൽ പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രാലയം കേസ് സിബിഐക്ക് കൈമാറിയത്

അതിനിടെ നീറ്റ് – പിജി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും എന്നും വിശദീകരണം.

Advertisement