പ്രതിപക്ഷ നായകനായി രാഹുൽ ഗാന്ധി

Advertisement

ന്യൂഡെല്‍ഹി. പ്രതിപക്ഷ നായകനായി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുലിന്റെ പേര് സ്പീക്കർ അംഗീകരിച്ചു. 10 വർഷം ശൂന്യമായി കിടന്ന ലോകസഭ പ്രതിപക്ഷ നേതൃപദവി യിൽ എത്തിയ ആദ്യ ദിവസം തന്നെ തിളങ്ങാൻ രാഹുൽ ​ഗാന്ധിക്ക് കഴിഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നേതാക്കളുടെ പട്ടികയിൽ അവസാന പേരാണ് ഇന്ന് രാഹുൽ ഗാന്ധി.ഒരിക്കല്‍ വേണ്ടെന്ന് വച്ച ഭരണ ഘടനാ പദവി, രാഹുൽ ഇത്തവണ പൊരുതി നേടി എന്നതുംപ്രത്യേകത.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയിലേക്കായിരുന്നു എല്ലാകണ്ണുകളും.

ആത്മ വിശ്വാസത്തിന്റെ ശരീരഭാഷയും ചെറുപുഞ്ചിരിയുമായി സഭയിലെത്തിയ രാഹുൽ, സ്പീക്കറായി തേഞ്ഞെടുത്ത ഓം ബിർളയെ ചെയറിലേക്ക് ആനയിക്കാൻ എത്തിയത് ഭരണ പക്ഷത്തെ ഞെട്ടിച്ചു.

പ്രചാരണ കാലത്ത് ആരാണ് രാഹുൽ എന്ന് പരിഹസിച്ച മോദിതന്നെ അദ്ദേഹത്തെ കൈകൊടുത്ത് സ്വീകരിച്ചത് കാലത്തിന്റ കാവ്യ നീതി. ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷം സഭയിലുണ്ടാകണമെന്നാണ് തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്ന് ഭരണ പക്ഷത്തിനുള്ള ഒളിയമ്പ്.

അക്കം തികഞ്ഞില്ലെന്ന് കാരണത്തിൽ കഴിഞ്ഞ 10 വർഷം ലോക്സഭയിൽ നിഷേധിക്കപ്പെട്ട നേതൃസ്ഥാനത്തേക്ക് അയോഗ്യനാക്കി പുറത്താക്കാൻ ശ്രമിച്ച രാഹുൽ എത്തുമ്പോൾ അതൊരു മധുര പ്രതികാരം കൂടിയാണ്‌.

നെഹ്‌റു കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ പ്രതിപക്ഷ നേതാവാണ് രാഹുൽ. 1989 ൽ പിതാവ് രാജീവ്‌ ഗാന്ധിയും, 1999 ൽ മാതാവ് സോണിയയും ഈ പദവി വഹിച്ചിട്ടുണ്ട്