കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി

Advertisement

ചെന്നൈ.കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് മരിച്ചു. ദുരന്തത്തിൽ നിയമസഭ തുടർച്ചയായി തടസപ്പെടുത്തിയതിന് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെന്റു ചെയ്തു. കേസ് സിബിഐയ്ക്ക് വിടണമെന്ന ഹർജികൾ പരിഗണിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ മൂന്നിലേയ്ക്ക് മാറ്റി. ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു കള്ളക്കുറിച്ചിയിലെത്തി ഇന്ന് വിവരങ്ങൾ ശേഖരിച്ചു.


പുതുച്ചേരി, സേലം ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഇതുവരെ മരിച്ചത് 63 പേർ. 88 പേർ ആശുപത്രികളിൽ തുടരുകയാണ്. 74 പേർ ആരോഗ്യനില വീണ്ടെടുത്തു. വിഷമദ്യ ദുരന്തം ചോദ്യോത്തര വേള മാറ്റിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ ബഹളം വച്ചു. നാല് ദിവസമായി ചട്ടവിരുദ്ധമായി പ്രവർത്തിയ്ക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെൻഡു ചെയ്തു. 29ന് സഭ അവസാനിയ്ക്കുന്നത് വരെയാണ് സസ്പെൻഷൻ.
സഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പഴനിസാമി പറഞ്ഞു. നാളെ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് എഡിഎംകെയും പിഎംകെയും നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ജൂലൈ മൂന്നിലേക്ക് മാറ്റി. ദേശീയ പട്ടിക വർഗ കമ്മിഷൻ അധ്യക്ഷൻ കിഷോർ മക്വാന, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു എന്നിവർ കള്ളക്കുറിച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.

Advertisement