ന്യൂഡെല്‍ഹി.രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം ഇന്ന്. പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ഇന്ന് 11 മണിക്ക് അഭിസംബോധന ചെയ്യും. പ്രത്യേക സമ്മേളനത്തിൽ ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിന് തുടർച്ചയായി ആണ് നയ പ്രഖ്യാപന പ്രസംഗം. തുടർന്നുള്ള ദിവസങ്ങളിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കും സഭ സാക്ഷ്യം വഹിക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ചർച്ചയിൽ പങ്കെടുത്ത് നിലപാട് അവതരിപ്പിക്കും. ചർച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് സഭയിൽ അടുത്ത ദിവസം മറുപടി പറയുക . രാജ്യസഭാ സമ്മേളനവും ഇന്ന് ആരംഭിക്കുന്നുണ്ട് . പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ കൂടിയാണ് രാജ്യസഭാ പ്രത്യേക സമ്മേളനത്തിന് തുടക്കം ആവുക. നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ച 12 അംഗങ്ങൾക്ക് എതിരായ അച്ചടക്ക നടപടികൾ സംബന്ധിച്ച പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും. രാകേഷ് സിൻഹ ഇളമരം കരീം തുടങ്ങിയവർ അംഗങ്ങളായ പ്രിവിലേജ് കമ്മിറ്റിയാണ് വിഷയം പരിഗണിച്ചത്. ചെയർമാന്റെ നിർദ്ദേശം ലംഘിച്ച് 12 അംഗങ്ങൾ തുടർച്ചയായി നടുത്തളത്തിൽ ഇറങ്ങി സഭ തടസ്സപ്പെടുത്തി എന്നുള്ളതാണ് കമ്മിറ്റി പരിഗണിച്ച വിഷയം. തെലുങ്കാന ടുഡേ എന്ന പത്രം കാര്യോപദേശക സമിതി നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം വാർത്ത പ്രസിദ്ധീകരിച്ച വിഷയത്തിലെ റിപ്പോർട്ടും ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും. രാകേഷ് സിൻഹ, ജി.കെ.വാസൻ എന്നിവർ അംഗങ്ങളായ പ്രിവിലേജ് കമ്മിറ്റിയാണ് വിഷയം പരിഗണിച്ചത്.