ന്യൂഡെല്‍ഹി.ശക്തമായ മഴക്ക് പിന്നാലെ ഉത്തരേന്ത്യയിൽ മഴക്കെടുതി
രൂക്ഷം. വസന്ത് വിഹാറിൽ കെട്ടിടം തകർന്ന് വീണ് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. മരിച്ചത് ബിഹാർ, മധ്യപ്രദേശ് സ്വദേശികൾ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
25 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് വസന്ത് വിഹാറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചതിൽ രണ്ടുപേർ ബീഹാർ സ്വദേശിയും ഒരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കുടിൽകെട്ടിയാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിലാണ് കെട്ടിടം തകർന്നു വീണത്. അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായപ്പോൾ വിമാനത്താവളത്തിൽ ഉണ്ടായ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
നിർമ്മാണ കമ്പനി അധികൃതരെയും പോലീസ് ചോദ്യം ചെയ്യും. വിമാനത്താവളത്തിൽ വാറൂമിൻ്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് പണം തിരികെ നൽകുന്നതിനും ബദൽ യാത്രാ മാർഗം ഒരുക്കുന്നതിനുമായാണ് പ്രവർത്തനം.
ഷിംലയിൽ മണ്ണിടിച്ചിൽ ഉണ്ടായി
നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.