വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

Advertisement

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26-കാരി പോലീസിന്റെ പിടിയില്‍. ബിഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30-കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
സ്വകാര്യ നഴ്സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം ശേഷം യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി യുവതി പൊലീസിന് കൈമാറി.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നിരവധി തവണ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വേദ് പ്രകാശ് തയ്യാറായില്ല. ജൂലൈ ഒന്നിന് രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു.
എന്നാല്‍ അന്നേദിവസം രജിസ്റ്റര്‍ വിവാഹത്തിന് വേദ് പ്രകാശ് എത്താതിരുന്നതാണ് യുവതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.