മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന

Advertisement

ന്യൂ ഡെൽഹി :ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്‍റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.

പരിധിയില്ലാതെ കോളുകളും ഇന്‍റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്‍റെ പ്ലാൻ 509, 1799ന്‍റെ പ്ലാൻ 1999 എന്നിങ്ങനെയാകും.

479 രൂപയുടെ ഡെയ്‌ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്‌ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്‍റെ പ്ലാന്‍ 349 രൂപയും 359ന്‍റെ പ്ലാന്‍ 409 രൂപയും 399ന്‍റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.

Advertisement