നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ട് തോക്കുകള്‍ ലേലത്തില്‍ പോയത് 15 കോടിക്ക്

Advertisement

ഫ്രാന്‍സിലെ സാംസ്‌കാരിക മന്ത്രാലയം അടുത്തിടെ ദേശീയ സമ്പത്ത് ആയി പ്രഖ്യാപിച്ച നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ട് തോക്കുകള്‍ ലേലത്തില്‍ പോയത് 15 കോടിയിലധികം രൂപയ്ക്ക്. നെപ്പോളിയന്‍ ബോണപാര്‍ട്ട് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ഉദ്ദേശിച്ചിരുന്ന തോക്കുകളാണ് ഇത്തരത്തില്‍ ലേലത്തില്‍ പോയത്. എന്നാല്‍ ലേലത്തിലെടുത്തയാളുടെ വിവരം ലേലക്കമ്പനി പരസ്യപ്പെടുത്തിയില്ല. സ്വര്‍ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച തോക്കുകള്‍ കൊത്തുപണികളുടെ പ്രൗഡി വിളിച്ചോതുന്നതാണ്. 1814 ഏപ്രില്‍ 12ന് തന്റെ സൈന്യം വിദേശശക്തികളോട് പരാജയപ്പെട്ട് അധികാരം നഷ്ടമായതോടെ ഈ തോക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഗ്രാന്‍ഡ് സ്‌ക്വയര്‍ അര്‍മാന്‍ഡ് തോക്കുകളില്‍ നിന്ന് വെടിമരുന്ന് നീക്കം ചെയ്തതോടെയാണ് അത് നടക്കാതെ പോയത്. പകരം നെപ്പോളിയന്‍ വിഷം കഴിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് തന്നോടുകാണിച്ച വിശ്വസ്തതയ്ക്ക് നന്ദി അറിയിച്ച് പിസ്റ്റളുകള്‍ നെപ്പോളിയന്‍ ഗ്രാന്‍ഡ് സ്‌ക്വയറിന് നല്‍കുകയായിരുന്നു.

Advertisement