യുപി മാതൃക?,ബിഎസ്പി നേതാവ് ആംസ്ട്രോങ് വധക്കേസിലെ പ്രതിയെ ഏറ്റുമുട്ടലിനിടയിൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

Advertisement

ചെന്നൈ. തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് ആംസ്ട്രോങ് വധക്കേസിലെ പ്രതിയെ ഏറ്റുമുട്ടലിനിടയിൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.

തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഗുണ്ടാ നേതാവാണ് തിരുവെങ്കിടം. ആംസ്ട്രോങിന്റെ കൊലപാതകത്തിൽ
നേരിട്ട് പങ്കെടുത്ത എട്ട് പേരിൽ ഒരാൾ. ചെന്നൈ മാധവാരത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ തിരുവെങ്കിടം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പങ്കുവെക്കുന്ന വിവരം.
ഇതേ തുടർന്ന് പൊലീസ് നിറയൊഴിച്ചു എന്നാണ് വിശദീകരണം.
ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഗുണ്ടാപകയാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘമുള്ളത്. സംഭവത്തെ തുടർന്ന് പൊലീസിനും സർക്കാരിനും എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇത് തണുപ്പിക്കുന്നതിനായി ആസൂത്രണം ചെയ്ത ഏറ്റുമുട്ടൽ കൊലപാതകം എന്ന ആരോപണവും ഉയരുന്നുണ്ട്

Advertisement