മുദ്രവായ്പ ഇരട്ടിയാക്കി ബജറ്റ്

Advertisement

പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വായ്പ തുക ഉയര്‍ത്തിയതായി ധനമന്ത്രി നിര്‍മ്മല്‍ സീതാരാമന്‍ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായാണ് ഉയര്‍ത്തിയത്. എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. എംഎസ്എംഇ ക്ലസ്റ്ററുകളില്‍ പ്രത്യേക സിഡ്ബി ശാഖകള്‍ തുടങ്ങുമെന്നും ഈ വര്‍ഷം 24 ശാഖകള്‍ തുറക്കുമെന്നും ധനമന്ത്രി.

സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്സിബികള്‍), റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബികള്‍), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സികള്‍), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്.

അംഗമാകാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?

1 അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം.

2 വായ്പ എടുക്കാന്‍ അര്‍ഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാന്‍ പ്ലാന്‍ ഉള്ള ഏതൊരു വ്യക്തിക്കും സ്‌കീമിന് കീഴില്‍ ലോണ്‍ ലഭിക്കും.

3 മുന്‍പ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്

4 അപേക്ഷകന്റെ ബിസിനസ്സിന് കുറഞ്ഞത് 3 വര്‍ഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകന്‍ 24 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

‘പുതിയ സംരംഭകന്‍’, ‘നിലവിലുള്ള സംരംഭകന്‍’, ‘സ്വയം തൊഴില്‍ ചെയ്യുന്നവര്‍’ എന്നിവയ്ക്കിടയില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്‌ട്രേഷന്‍ ആണെങ്കില്‍, ‘അപേക്ഷകന്റെ പേര്’, ‘ഇമെയില്‍ ഐഡി’, ‘മൊബൈല്‍ നമ്പര്‍’ എന്നിവ ചേര്‍ക്കുക.

ഒടിപി വഴി രജിസ്റ്റര്‍ ചെയ്യുക.

പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിള്‍സ്, ഹോര്‍ഡിംഗുകള്‍, ടൗണ്‍ ഹാള്‍ മീറ്റിംഗുകള്‍, സാമ്പത്തിക സാക്ഷരത, ബോധവല്‍ക്കരണ ക്യാമ്പുകള്‍, സാമ്പത്തിക ഉള്‍പ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകള്‍ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Advertisement