ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പരിഗണന,പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം

Advertisement

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിക്കുന്ന പദ്ധതിയാണ് ധനമന്ത്രി ഇന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനാണ് ഈ തുക അനുവദിക്കുക.

രാജ്യത്തെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനാണ് ഈ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാവുക. രാജ്യത്തിന് അകത്ത് തന്നെ പഠിക്കാനുള്ള വായ്പയാണ് ഇതിലൂടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇ-വൗച്ചറുകള്‍ നല്‍കുമെന്നാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം.

കൂടാതെ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള 500 പ്രമുഖ കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്ന പദ്ധതിയും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഈ അവസരം പ്രതിമാസം 5000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സിനൊപ്പം 6000 രൂപ ഒറ്റത്തവണ സഹായവും ലഭിക്കും. കൂടാതെ, ദേശീയ വ്യവസായ ഇടനാഴി വികസന പരിപാടിക്ക് കീഴില്‍ ഏകദേശം 12 വ്യവസായ പാര്‍ക്കുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.

Advertisement