മോദി സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍

Advertisement

മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ നിരാശപ്പെടുത്തിയെന്ന് ആന്റോ ആന്റണി എംപിയും, രണ്ടു മന്ത്രിമാരല്ലാതെ മറ്റൊന്നും കേരളത്തിന് ഇല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.
ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിത്. ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്‌ക്വയര്‍ ബജറ്റാണിത്. കേരളത്തെ ബജറ്റില്‍ പരാമര്‍ശിച്ചു പോലുമില്ല. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എംപിയെ കൊടുത്താല്‍ പരിഗണിക്കുമെന്നത് പറഞ്ഞത് വെറുതെയായി എന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Advertisement