മുംബൈ. യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി.സീമാനായ സിതേന്ദ്ര സിംിന് ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. തീപിടുത്തതിൽ കേടുപാടുണ്ടായ ഐഎൻഎസ് ബ്രഹ്മപുത്രയുടെ തകരാർ പരിഹരിക്കാനുള്ള ശ്രമം ഉടൻ ആരംഭിക്കും. അതേസമയം ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്നത്തെ തുടർന്ന് നേവി എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു.
ഞായറാഴ്ചയാണ് മുംബൈ ഡോക്യാർഡിൽ നാവികസേന കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിക്കുന്നത്. തീപിടുത്തതിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ നാവികനാണ് ജീവൻ നഷ്ടമായത്. നീന്തി കരയിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടുദിനം നീണ്ട തിരച്ചിനൊടുവിലാണ് സിതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തെ തുടർന്ന് കപ്പൽ ഒരുവശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ഇത് നേരെയാക്കാനുള്ള ശ്രമമൊന്നും ഇതുവരെ ഫലംകണ്ടില്ല. കപ്പലിന് ഗുരുതര തകരാർ സംഭവിച്ചെന്നാണ് വിലയിരുത്തൽ. തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങാൻ നാവികസേന മേധാവി നിർദ്ദേശിച്ചു. ഇന്നലെ അഡ്മിറൽ ദിനേശ് ത്രിപാഠി മുംബൈയിൽ എത്തി നേരിട്ട് വിവരശേഖരണം നടത്തിയിരുന്നു. അതേസമയം അറബിക്കടലിലൂടെ പോവുകയായിരുന്ന ഒരു ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്നത്തെ തുടർന്ന് നാവികസേന ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന 51കാരൻ അപകടനില തരണം ചെയ്തു.