അർജുൻ ദൗത്യം:ഈശ്വർ മാൽപെ മൂന്ന് തവണ പുഴയിലിറങ്ങി; മൂന്നാം തവണ ഒഴുകിപ്പോയി, നാവികസേന രക്ഷപ്പെടുത്തി

Advertisement

ബംഗ്ലൂരൂ:കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ 12ാം ദിവസത്തിലെത്തുമ്പോൾ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവർമാർ പുഴയിലേക്കിറങ്ങി തിരച്ചിൽ നടത്തുകയാണ്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് നദിയിൽ നിർണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മൺകൂനയിൽ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താൻ ശ്രമിക്കുകയാണ് ലക്ഷ്യം.

ഈശ്വർ മൽപെ മൂന്ന് തവണ സിഗ്നൽ ലഭിച്ച സ്ഥലത്ത് മുങ്ങി. മൂന്നാം തവണ കയർ പൊട്ടി ഈശ്വർ മാൽപെ ഒഴുകിപ്പോയി. ഇദ്ദേഹത്തെ നാവിക സേന രക്ഷിക്കുകയായിരുന്നുവെന്ന് സ്ഥലത്തുള്ള എം വിജിൻ എംഎൽഎ അറിയിച്ചു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും വിജിലൻ പറഞ്ഞു

മൂന്നാം തവണ ഇറങ്ങിയപ്പോൾ കയർ പൊട്ടി 50 മീറ്ററോളം ദൂരം ഈശ്വർ മാൽപെ ഒഴുകിപ്പോയി. നാവികസേന ഇദ്ദേഹത്തെ രക്ഷിച്ചു. നിലവിൽ അൽപ്പനേരം ഇടവേള എടുത്തിരിക്കുകയാണ്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്.

അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.