ന്യൂഡെല്‍ഹി.ബജറ്റ് ചർച്ചകൾ പാർലമെന്റ് ഇന്ന് ഉപസംഹരിക്കും. ലോക്സഭയിൽ ബഡ്ജറ്റ് നിർദ്ദേശങ്ങളെ അധികരിച്ച് നടന്ന ചർച്ചകൾ ഉപസംഹരിച്ച് ധനമന്ത്രി നിർമല സീതാരാമനാണ് മറുപടി പറയുക. ഫെഡറൽ വ്യവസ്ഥ ലംഘിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു എന്ന് അടക്കമുള്ള നിശിദമായ വിമർശനങ്ങളാണ് ബഡ്ജറ്റ് ചർച്ചയിൽ സർക്കാരിനെതിരെ ഉയർന്നത്. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യം ചക്രവ്യൂഹത്തിലാണ് എന്ന ആക്ഷേപവും ഉന്നയിച്ചിരുന്നു. ഉപസംഹാര പ്രസംഗം നടത്തുന്ന ധനമന്ത്രി ഈ ആക്ഷേപങ്ങൾക്ക് എല്ലാം മറുപടി നൽകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ വികസന വിഷയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ല എന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. അധിക വിഭവ അനുമതി ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾ അടിസ്ഥാനപ്പെടുത്തി അനുവദിക്കുമോ എന്നതും ഇന്നത്തെ ഉപസംഹാര പ്രസംഗത്തിൽ വ്യക്തമാകും. ധനമന്ത്രിയുടെ ഉപസംഹാര പ്രസംഗത്തിനുശേഷം ബഡ്ജറ്റ് പാസാക്കാൻ ആവശ്യമെങ്കിൽ സഭയിൽ വോട്ടെടുപ്പ് നടക്കും.