പാരിസ്: ഒളിംപിക്സിൽ ഇന്ത്യയ്ക്കു മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.
കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും വിജയിച്ചിട്ടുണ്ട്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു.
20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്. 25 ഷോട്ടുകളിൽ ഇന്ത്യൻ താരത്തിനു ലഭിച്ചത് 208.2 പോയിന്റുകൾ. നീലിങ്, പ്രോൺ റൗണ്ടുകൾക്കു ശേഷം സ്വപ്നിൽ അഞ്ചാം സ്ഥാനത്തു തുടർന്നു. സ്റ്റാൻഡിങ് പൊസിഷനിൽ 40 ഷോട്ടുകൾ പിന്നിട്ടപ്പോൾ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തി. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.