രാഹുൽ തുന്നിയ ചെരിപ്പിന് മോഹവില പറഞ്ഞിട്ടും വിറ്റില്ല

Advertisement

സുൽത്താൻപുർ (യുപി) : രാഹുൽ ഗാന്ധി തുന്നിയ ചെരിപ്പിന് മോഹവില 10 ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തിട്ടും വേണ്ടെന്ന് വച്ച് ചെരിപ്പുകുത്തിയായ റാം ചേത്. പകരം ആ ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കും. ‌ജൂലൈ 26നാണു റാമിന്റെ ജീവിതം മാറിയത്. സുൽത്താൻപുരിലെ കോടതിയിൽ ഹാജരായി മടങ്ങുംവഴിയാണ് രാഹുൽ വഴിയരികിൽ ചെരിപ്പു തുന്നുന്ന ചെറിയ കട കണ്ടത്. അവിടെയിറങ്ങിയ രാഹുൽ വീട്ടിലെ വിശേഷങ്ങളും തൊഴിൽപ്രശ്നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു.

ചെരിപ്പു തുന്നാനും ഒട്ടിക്കാനുമെല്ലാം കൂടെക്കൂടി. അങ്ങനെ രാഹുൽ ശരിയാക്കിയ ചെരിപ്പു വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഒട്ടേറെപ്പേർ എത്തുന്നുണ്ട്. 10 ലക്ഷമാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട ഉയർന്ന തുക. തനിക്കൊപ്പമിരുന്നു ചെരിപ്പു തുന്നിയതോടെ രാഹുലും കടയുടെ പങ്കാളിയായെന്നു റാം പറയുന്നു. നാട്ടിൽ റാം താരമായതോടെ ഉദ്യോഗസ്ഥരും പ്രശ്നങ്ങൾ ചോദിച്ചെത്താൻ തുടങ്ങി. 2018 മേയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസിൽ ഹാജരാകാനാണ് രാഹുൽ സുൽത്താൻപുരിലെത്തിയത്.

Advertisement