തകർന്നടിഞ്ഞ് രൂപ, തിരിച്ച് വരവ് എളുപ്പമാകില്ലെന്ന് വിദ​ഗദ്ധർ, പ്രതീക്ഷയോടെ പ്രവാസികൾ

Advertisement

ന്യൂഡൽഹി: ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകർച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച് വന്നപ്പോൾ തകർന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്നലെ രൂപയുടെ മൂല്യം കൂപ്പുകുത്തി. 83.80 എന്ന നിരക്കിലായിരുന്നു ഇന്ന ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് നേരിയ തോതിൽ ഉയർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 84 രൂപ 15പൈസ എന്ന തോതിലാണ് വ്യാപാരം നടക്കുന്നത്.

ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം തിങ്കളാഴ്ച ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു. ഓഹരി വിപണിയിലെ കനത്ത തകർച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്. സെൻസെക്സ് ഇന്ന് ആയിരത്തിലേറെ പോയിൻറാണ് തകർന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകൾ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്.

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇതിന് പുറമേ ഉൽപാദന വളർച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയർത്താൻ കാരണമായി. ഇതോടെ ഡോളർ സൂചിക താഴ്ന്നു. എന്നിട്ടുപോലും രൂപയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ആറ് പ്രധാന കറൻസികളുമായി മൂല്യം അളക്കുന്ന ഡോളർ സൂചിക 0.24 ശതമാനം ഇടിഞ്ഞ് 102.95ൽ എത്തി.ഇതിനെല്ലാം പുറമേ ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതും ഓഹരിവിപണികൾക്കും രൂപയ്ക്കും തിരിച്ചടിയായി.

അതേസമയം രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്ക് ​ഗുണകരമാകുമെന്ന വിലയിരുത്തലുണ്ട്. യുഎഇ ദിർഹവുമായുളള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റിൽ വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തൽ. യുഎഇ ആസ്ഥാനമായുളള ഫോറിൻ കറൻസി എക്സ്ചേഞ്ചിൻറെ (ഫോറെക്സ്) കണക്കുക്കൂട്ടൽ അനുസരിച്ച് വരും വാരങ്ങളിലും മൂല്യം ഇടിയും.

യുഎസ് ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് നിലവിൽ 84 രൂപ 15 പൈസയാണെങ്കിൽ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോൾ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യൻ രൂപ ലഭിക്കാൻ 43 ദിർഹം 91 ഫിൽസ് നൽകിയാൽ മതി. വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളിൽ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യൻ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല

ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിച്ച ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ മൂല്യവും താഴേക്ക് വന്നിരുന്നു. ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകും. മാത്രമല്ല, ഇന്ത്യൻ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നൽകുന്നു. ഇന്ത്യൻ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടം പ്രകടമായിരുന്നില്ല.

ഒരു രാജ്യത്തിൻറെ കറൻസി മൂല്യം സാമ്പത്തിക സാഹചര്യങ്ങളെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതൽ, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയവയും രൂപയുടെ മൂല്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.

യുഎഇ ദിർഹവുമായി ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള മൂല്യമിടിവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് ഡോളർ ദുർബലമായാൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ അതും പ്രതിഫലിക്കും. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമായാൽ മൂല്യം ഇടിവ് ദിർഹവുമായുളള വിനിമയനിരക്കിലും പ്രതിഫലിക്കും. യുഎസ് ഡോളർ ഇടിഞ്ഞാൽ ഇന്ത്യൻ രൂപയടക്കമുളള കറൻസികളിൽ ഉണർവ്വ് പ്രകടമാകും.

Advertisement