ന്യൂഡൽഹി: ഒളിംപിക് ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെതിരെ നടിയും എംപിയുമായ കങ്കണ റണൗട്ട് നടത്തിയ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രക്ഷോഭം നടത്തിയിട്ടും ഒളിംപിക്സിൽ മത്സരിക്കാൻ വിനേഷിന് അവസരം കൊടുത്തെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിന്നുയരുന്നത്.
ഇന്നലെ ഫൈനലിലേക്ക് വിനേഷ് ഫോഗാട്ട് യോഗ്യത നേടിയതിനു പിന്നാലെയാണ് കങ്കണയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കങ്കണയുടെ വാക്കുകൾ ഇങ്ങനെ: ഇന്ത്യയുടെ ആദ്യ സ്വർണമെഡലിനായുള്ള കാത്തിരിപ്പ് അൽപ നേരം കൂടി. മോദിക്കെതിരെ മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭത്തിന് ഇറങ്ങിയ താരമാണ് വിനേഷ് ഫോഗാട്ട്. എന്നിട്ടും ഏറ്റവും നല്ല പരിശീലകരെയും പരിശീലനവും അവർക്കായി ഒരുക്കുകയും ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം നൽകുകയും ചെയ്തു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം, മഹാനായ ഒരു നേതാവിന്റെയും!”
ഫൈനലിൽ ശരീരഭാരം അധികമാണെന്ന് ആരോപിച്ച് വിനേഷ് ഫോഗാട്ടിനെ ഒളിംപിക് അസോസിയേഷൻ അയോഗ്യയായി പ്രഖ്യാപിച്ചിരുന്നു. അതോടെ മെഡൽ ഒന്നും നേടാതെ വിനേഷിന് ഒളിംപിക് റിങ്ങിൽ നിന്നും മടങ്ങേണ്ടി വന്നു. ഗുസ്തിയിലെ ലോകചാംപ്യനെ സെമി ഫൈനലിൽ തോൽപ്പിച്ചായിരുന്നു വിനേഷ് ഫൈനലിൽ കടന്നത്. പക്ഷേ, ഇന്ത്യൻ ജനതയുടെ പ്രാർഥനകൾ വിഫലമാക്കി അവസാന നിമിഷം വിനേഷ് അയോഗ്യയാക്കപ്പെടുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ വാക്കുകളും വിവാദമാകുന്നത്. നിരവധി പേർ കങ്കണയെ വിമർശിച്ചു രംഗത്തെത്തി.