ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
ചെക്ക് ക്ലിയറിങ്ങിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ പരിഷ്‌കാരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ചെക്കുകള്‍ ബാച്ചായി പ്രോസസ് ചെയ്യുന്നതിന് പകരം തുടര്‍ച്ചയായി ക്ലിയര്‍ ചെയ്യുന്ന തരത്തിലാണ് പുതിയ സംവിധാനം വരിക. ചെക്ക് നല്‍കുന്ന വേളയില്‍ തന്നെ സെറ്റില്‍മെന്റിന് നടപടികള്‍ സ്വീകരിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.
രണ്ട് പ്രവൃത്തി ദിവസങ്ങള്‍ വരെയുള്ള ക്ലിയറിങ് സൈക്കിളില്‍ ചെക്കുകള്‍ പ്രോസസ്സ് ചെയ്യുന്നതാണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം. ചെക്കുകള്‍ സ്‌കാന്‍ ചെയ്ത് അവതരിപ്പിച്ച ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പുതിയ സംവിധാനമെന്നും ആര്‍ബിഐ വ്യക്തമാക്കി.